മീനങ്ങാടി (വയനാട്) : മീനങ്ങാടി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നിന്ന് തട്ടികൊണ്ടു വന്ന കാർ കൊട്ടിയൂരിൽ വച്ച് കുത്തിപ്പൊളിക്കുന്നതിനിടയിൽ പൊലീസും നാട്ടുകാരും ചേർന്ന് വളഞ്ഞു വയ്ക്കുകയും രണ്ട് പേരേ പിടിക്കുകയും ചെയ്ത സംഭവത്തിൽ കേസന്വേഷണം 13 പേരിലേക്ക് എത്തി നിൽക്കുന്നു. 6 പേർ പിടിയിലായി. പക്ഷെ 21000 രൂപ കൊള്ളയടിക്കാൻ ലക്ഷങ്ങൾ മുടക്കി 13 പേർ എന്തിന് അധ്വാനിച്ചു എന്ന ചോദ്യം ബാക്കിയാണ്. ഒടുവിൽ ഈ ദുരൂഹ സംഭവം വെറും 21,000 രൂപ കവർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നു എന്നതിലേക്ക് ഒതുങ്ങാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. സെപ്റ്റംബർ മാസം 30 ന് രാത്രിയിൽ എടുത്ത കേസിൽ രണ്ട് പേർ തത്സമയം പിടിയിലായിരുന്നു. ഏതാനും ദിവസം മുൻപ് രാത്രി പിടിയിലായ 2 പ്രതികളെ മജിസ്ട്രേറ്റ് കോടതി വിട്ടയച്ച നടപടിക്കെതിരെ പോലീസ് റിവിഷൻ ഹർജി നൽകി എന്നതാണ് പുതിയ വിവരം.. ഇതിനിടയിൽ രണ്ട് പേർ പിടിയിലായത് ആരുമറിഞ്ഞില്ല. ഒടുവിൽ പിടിയിലായവരെ മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടതിനെതിരെ പൊലീസ് തന്നെ റിവിഷൻ പെറ്റിഷൻ നൽകിയിരിക്കുകയാണ്. മീനങ്ങാടി ദേശീയപാതയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ പിടിയിലായ പ്രതികളെ വിട്ടയച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ റിവിഷൻ ഹർജി യിൽ എന്ത് വിധി വരും എന്നതനുസരിച്ചാണ് കേസിൻ്റെ ഭാവി.. കേസിലെ മൂന്നും നാലും പ്രതികളായ പേരാവൂർ സ്വദേശി പ്രണവ്, കണ്ണൂർ പുനിയാനം സ്വദേശി കനകരാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) വിട്ടയച്ചത്. പ്രതികളെ നിശ്ചിത സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.
എന്നാൽ പോലീസ് രേഖകളും യാത്രാ വിവരങ്ങളും ശരിയായി വിലയിരുത്താതെയാണ് പ്രതികളെ വിട്ടയച്ചതെന്നാണ് പോലീസ് റിവിഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങൾ പ്രകാരം ഒക്ടോബർ 21-ന് ഉച്ചയ്ക്ക് 2.45-ന് മൂന്നാം പ്രതിയെയും മൂന്ന് മണിക്ക് നാലാം പ്രതിയെയും കസ്റ്റഡിയിലെടുത്ത പോലീസ്, 22-ന് ഉച്ചയ്ക്ക് 2.30-ഓടെ തന്നെ റിമാൻഡ് രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരം 5.15-നാണ് കോടതി കേസ് പരിഗണിച്ചത്. സാങ്കേതികമായി 24 മണിക്കൂർ പരിധി ലംഘിച്ചിട്ടില്ലെന്നും യാത്രാദൂരവും നടപടിക്രമങ്ങളും കോടതി പരിഗണിച്ചില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിവിഷൻ ഹർജി നാളെ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
പിടിയിലായ ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നും ഇവരെ വിട്ടയച്ചത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെപ്റ്റംബർ 30-ന് വൈകിട്ട് മീനങ്ങാടി എഫ്സിഐ ഗോഡൗണിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്‌പദമായ കവർച്ച നടന്നത്. ബെംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് ഇന്നോവ കാറിൽ വരികയായിരുന്ന യാത്രക്കാരനെ രണ്ട് കാറുകളിലായെത്തിയ സംഘം തടഞ്ഞുനിർത്തി, ചില്ലുകൾ അടിച്ചുതകർത്ത് കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് അവശനാക്കിയ ശേഷം വാഹനവും 21,000 രൂപയും കവരുകയായിരുന്നു. മീനങ്ങാടിയിൽ വച്ച് തട്ടിയെടുത്തു കൊണ്ടുവന്ന ഈ കാർ രാത്രി കൊട്ടിയൂർ ടൗണിലെ നീണ്ടുനോക്കി പാലത്തിന് സമീപത്ത് വച്ച് ഉൾഭാഗം നശിപ്പിക്കുന്നതിന് ഇടയിൽ പൊലീസും നാട്ടുകാരും ചേർന്ന് വളഞ്ഞു. കാറിലുണ്ടായിരുന്ന സംഘം ചിതറി ഓടി. രണ്ട് പേർ ബാവലി പുഴയിലേക്ക് ചാടി. ഇവരെ അപ്പോൾ തന്നെ പിടികൂടി കാറിനെ കാറിനെ കുറിച്ചും ഇതിനെ പിന്തുടർന്ന് വന്നപ്പോൾ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ഉപേക്ഷിച്ച രണ്ട് കാറുകളെ കുറിച്ചും ഉള്ള ദുരൂഹത തുടരുന്നു. പിൻതുടർന്ന് വന്ന സംഘം സഞ്ചരിച്ചിരുന്ന ഒരു ഇന്നോവ കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടൊപ്പം ഒരു ഐ 20 കാറും കണ്ടെത്തിയിരുന്നു. വ്യാജ നമ്പർ പ്ളേറ്റ് വച്ച കാർ മട്ടന്നൂരിന് സമീപത്തുള്ള ഒരു പ്രവാസിയുടെ കാർ ആണെന്നും വാടകയ്ക്കെടുത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നമ്പറിൻ്റെ യഥാർഥ ഉടമയെയും കണ്ടെത്തിയിട്ടുണ്ടു്. കർണാടക റജിസ്ട്രേഷൻ ഉള്ള കെഎ 17എംഎ 9007 ഇന്നോവ കാറാണ് അക്രമി സംഘം തട്ടിക്കൊണ്ടു വന്ന് കൊട്ടിയൂരിൽ ഉപേക്ഷിച്ചത്. കെഎൽ 55 എ 1221 ഇന്നോവ കാറിലാണ് ഒരു സംഘമെത്തിയത്. ഈ കാറിൻ്റെ നമ്പറാണ് വ്യാജമെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം ഉണ്ടായിരുന്ന കെഎൽ 60 എം 5292 കാറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണാടകയിലെ ഗുണ്ടൽപേട്ടിൽ ക്വാറിയും സ്‌റ്റോൺ ക്രഷറും നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിൻ്റെ കാറാണ് തട്ടിയെടുത്ത് കൊണ്ടു വന്ന് കൊട്ടിയൂരിൽ ഉപേക്ഷിച്ചത്. മീനങ്ങാടി പൊലീസ് സ്‌റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വച്ച് കാർ തടഞ്ഞ് നിർത്തി ഇരു വശത്തേയും ചില്ല് അടിച്ചു തകർത്ത ശേഷം ജാഫറിൻ്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കകുയായിരുന്നു. ജാഫറിനെ കാറിന് പുറത്തേക്ക് തള്ളിയ ശേഷം മുഖംമുടി അക്രമി സംഘം കാറുമായി കണ്ണൂർ ജില്ലയിലേക്ക് കടക്കുകയായിരുന്നു. മുന്നിലും പിന്നിലുമായി രണ്ട് കാറുകളിൽ മറ്റ് രണ്ട് സംഘങ്ങളും ഉണ്ടായിരുന്നു കൊട്ടിയൂർ സമാന്തര റോഡിൽ കാർ നിർത്തി ഉൾഭാഗം പരിശോധിക്കുന്നതിന് ഇടയിലാണ് കേളകം പൊലീസ് ആ വഴി എത്തിയത്. മീനങ്ങാടി സംഭവം സംബന്ധിച്ച വിവരം കേളകം പൊലീസിനും ലഭിച്ചിരുന്നു. കാർ ഇട്ടിരുന്ന ഭാഗത്തെ വീട്ടുകാരും സംശയത്തോടെ വീക്ഷിക്കുന്ന സമയത്താണ് പൊലീസ് സംഘവും എത്തിയത്. ജനവും പൊലീസും ഒന്നിച്ചെത്തിയതോടെ കവർച്ച സംഘം രക്ഷപ്പെടാൻ പല ഭാഗത്തേക്ക് ചിതറി ഓടുകയായിരുന്നു. സമീപത്തുള്ള ബാവലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പാനൂർ അണിയാരം സ്വദേശി മൂത്തേടത്ത് താഴെ കുനിയിൽ രഞ്ജു രവീന്ദ്രൻ, മട്ടന്നൂർ നെല്ലുന്നി സ്വദേശി സൗരവ് നിവാസിൽ സൗരവ് സുനിൽ കുമാർ എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. ഇരുവരേയും മീനങ്ങാടി പൊലീസിന് കൈമാറി. ഇവരെ റിമാൻഡ് ചെയ്തു. സംഘത്തിൽ 10പേരുണ്ടായിരുന്നു എന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ സംഘത്തിൽ 13 പേരുണ്ടെന്നാണ് ഒടുവിൽ കണ്ടെത്തിയിട്ടുള്ളത്. 13 പേരേ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ഇതിൽ ഇതുവരെ 6 പേർ പിടിയിലായി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
സംഘം കൊട്ടിയൂരിലേക്ക് എത്തിയതും സമാന്തരപാത തിരഞ്ഞെടുത്തതും യാദ്യശ്ചികമല്ലെന്നും പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന ധാരണയിലാണ് സംഘം ആ വഴിയിൽ എത്തിയതെന്നും ആണ് പൊലീസ് നിഗമനം. മാത്രമല്ല സംഘത്തിന് കൊട്ടിയൂർ, പേരാവൂർ, കേളകം മേഖലകളിൽ ആരെങ്കിലുമായി ബന്ധം ഉണ്ടോയെന്നും പൊലീസ് പൊലീസ് പരിശോധിച്ചു വരികയാണ്. രക്ഷപ്പെട്ട അക്രമി സംഘം കടന്നു കളഞ്ഞത് ഏത് വഴിക്കാണ് എന്നും അവർക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയത് ആരെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൾ കരിം, മീനങ്ങാടി സിഐ ബിജു ആൻ്റണി, എസ്ഐ സന്തോഷ്, കേളകം എസ്‌ഐ വർഗീസ് തോമസ് എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
21000 രൂപ മാത്രമാണ് നഷ്‌ടപ്പെട്ടതെന്ന് ജാഫർ പറയുമ്പോഴും നടന്നത് സ്വർണം പൊട്ടിക്കൽ ശ്രമമാണെന്നും പൊലീസ് കരുതുന്നു. പണവുമായി വന്ന കാർ എന്ന വാദത്തെ പൊലീസ് വിശ്വസിക്കുന്നില്ല. കാരണം യാത്രകളിൽ പരമാവധി കൈവശം വയ്ക്കാവുന്ന തുക രണ്ട് ലക്ഷം വരെയാണ്. അതും രേഖകൾ കൃത്യമായി ഉണ്ടായിരിക്കണം. അതിൽ കൂടുതൽ പണവുമായി വ്യവസായി കാറിൽ സഞ്ചരിക്കുമെന്ന് പൊലീസ് കരുതുന്നില്ല. ആ തുകയോ അതിൽ അധികം സംഖ്യയോ കവർച്ച ചെയ്യാൻ ഇത്രയും സന്നാഹത്തോടെ കവർച്ചാ സംഘം പുറപ്പെടുമെന്നോ പൊലീസ് കരുതുന്നില്ല. അതിനാൽ ഈ ആക്രമണം സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ടാണെന്ന സംശയം പൊലീസിനുണ്ട്. സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ താവളങ്ങൾ ഏറെയുള്ളത് കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ അതിർത്തി മേഖലയിലാണ്. കൊട്ടിയൂരിലെത്തിയ സംഘങ്ങളിൽ പെട്ടവർ എല്ലാവരും പരസ്‌പരംഅറിയുന്നവർ അല്ലായിരുന്നു. അതിനാൽ തന്നെ ഇത്തരം നിയമ വിരുദ്ധ ഇടപാടുകളിൽ വൻ സംഘം തന്നെയാമ് പ്രവർത്തിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങൾ എല്ലാം ക്വട്ടേഷൻ സംഘങ്ങളാണ് നടത്തുന്നതെന്നുമുള്ള പൊലീസിൻ്റെ മുൻ നിഗമനങ്ങളുടെ ചുവടു പിടിച്ചാണ് അന്വേഷണം നടത്തുന്നത്.
സ്വർണ്ണക്കടത്ത് പൊട്ടിക്കുന്ന സംഘങ്ങൾ കാത്ത് നിൽപ്പുണ്ടാകും എന്ന സംശയമുള്ളതിനാൽ ഒരേ നമ്പറുള്ള രണ്ട് കാറുകൾ ജാഫർ ഉപയോഗിച്ചിരുന്നു. കവർച്ചാ സംഘം കാത്തു നിൽക്കാനുള്ള സാധ്യത ഏറെയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരേ നമ്പറുള്ള കാറുകൾ ഉപയോഗിക്കുന്നതത്രെ. ഏതായാലും സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കാർ തിരിച്ചറിയാൻ പറ്റാതെ പോയ കവർച്ചാ സംഘം ഡമ്മിയായ കാറിനെ ആക്രമിച്ച് തട്ടിയെടുക്കുകയായിരുന്നു. ആകെ കിട്ടിയതാകട്ടെ വെറും 21000 രൂപ മാത്രവും! ഈ കവർച്ചയ്ക്ക് ഇറങ്ങി പുറപ്പെട്ടവർക്ക് അതിൻ്റെ പലയിരട്ടി ചെലവ് വന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. സ്വർണ്ണക്കടത്തും പൊട്ടിക്കലുമൊക്കെയയി കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പ്രദേശത്തിനുള്ള ബന്ധവും കൊട്ടിയൂരിലേക്ക് വണ്ടി കൊണ്ടുവരുന്നതിനുള്ള സാഹചര്യവും ബന്ധവും പൊലീസ് പരിശോധിച്ചു വരികയാണ്.
എന്തായാലും വെറും 21000 രൂപ കവർച്ച ചെയ്യാൻ വേണ്ടി ലക്ഷങ്ങൾ പൊടിച്ച് ഇന്നോവയിലും ഐ20 യിലും എണ്ണയിച്ച്, ദിവസങ്ങളോളം കറങ്ങി 13 പേർ നടക്കുമോ? ജാഫറിൻ്റെ കാറിൽ എന്ത് കൊണ്ടുവരുമെന്നാണ് ഈ 13 പേരും അവരുടെ അജ്ഞാത നേതാവും പ്രതീക്ഷിച്ചിരുന്നത്? ചോദ്യങ്ങൾ ബാക്കിയാണ്.
Article by shijina
editor
Did 13 people in three cars really travel across three districts and two states—spending lakhs in the process—just to rob a mere 21,000 rupees???!!!!























